Sunday, January 24, 2010

ഭൂമിയോട് വിട...!

ഭൂമിയോട്, ഊടാടി നടന്ന്

പ്രഞ്ജയറ്റ അഹം

ആറടി മണ്ണും,

സ്വപ്നങ്ങളെ മൂടാനൊരു

ശവകച്ചയും

അലയാനൊരു ആകാശവും

ചോദിച്ചു.

ഭൂമി വേണ്ടെന്നും ആകാശം

മതിയെന്നും നിലവിളിച്ച,

സ്വര്‍ഗ്ഗ നകരങ്ങളില്‍

സ്വര്‍ഗ്ഗം ചികഞ്ഞ, നീയോ

പട്ടടയില്‍ പത്തി താഴ്ത്തി

കിടപ്പിതെന്നു ഭൂമി.

കൊളുത്താനൊരു കനലും,

ചാരം ഒഴുക്കാനൊരു

പുഴയും,

വിരുന്നിനൊരു പത്താമുദയവും

തന്ന ഭൂമിയോട്  വിട...!

Saturday, January 9, 2010


മണിയറ




മാന്യമായ കൂട്ടികൊടുപ്പിന്റെ

ഭാരമിറക്കിയ കാരണവര്‍

പന്തലില്‍ സദ്യ നന്നെന്നൊരു കൂട്ടര്‍

കുറ്റവും കുറവുമായി ചിലരങ്ങനെ

എത്ര പൊന്തിച്ചിട്ടും കനം വെയ്ക്കാത്ത

പണ്ടത്തില്‍ പിടിമുറുക്കുന്ന അമ്മായി

പട്ടും പൂവും പൊന്നും താങ്ങി

നിവര്‍ന്ന്നില്‍ക്കാന്‍ ത്രാണിയില്ലെങ്കിലും

സോങ്ങ് സീനില്‍ തകര്‍ത്ത-

ഭിനയിക്കുന്ന പുതുപ്പെണ്ണ്

തീരുമാനിച്ചുറച്ചപോലെ തന്നെ

എല്ലാം ശുഭം !

മണിയറ വാതില്‍ കടക്കും മുന്‍മ്പ്

അമ്മാവന്‍ -അവന്‍ ലേശം കഴിക്കും

കഴിച്ചാല്‍ ഒരേ ബഹളമാ..

ഇനിയെല്ലാം നിന്റെ കൈയ്യിലാ

നീ വിചാരിച്ചാല്‍...

നോക്കീം കണ്ടും നിന്നോട്ടോ..

ഉടപ്പിറന്നോളുടെ തലതിരിഞ്ഞസന്തതിക്കു

കുടുംബമുണ്ടാക്കിയ പെടാപാടിന്റെ

കദപറഞ്ഞ് കാരണവരും പിന്‍വാങ്ങി

മനസ്സില്‍ ആനയെ ചട്ടം പടിപ്പിക്കുന്ന

പാപ്പാന്റെ ചിത്രം, കയ്യിലൊരുതോട്ടിയുമായി

ക്ഷമിക്കണം കയ്യിലൊരു ഗ്ലാസ്സ് പാലുമായി

മണവാട്ടി മണിയറ വാതില്‍ കടന്നു.